മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ (സ്പിരിറ്റ്) Cover by Karthika Nair


മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ
ചിലതുണ്ടു മണ്ണിൻ മനസ്സിൽ
പ്രണയത്തിനാൽ മാത്രം എരിയുന്ന ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളിൽ

ഒരു ചുംബനത്തിനാൽ ദാഹം ശമിക്കാതെ
എരിയുന്ന പൂവിതൾ തുമ്പുമായി
പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ
മധുരം പടർന്നൊരു ചുണ്ടുമായി
വെറുതെ പരസ്പരം നോക്കിയിരിക്കുന്നു
നിറ മൗന ചഷകത്തിനിരു പുറം നാം

സമയകല്ലോലങ്ങൾ കുതറുമീ കരയിൽ നാം
മണലിന്റെ ആർദ്രമാം മാറിടത്തിൽ
ഒരു മൗനശിൽപ്പം മെനഞ്ഞുതീർത്തെന്തിനോ
പിരിയുന്നു സാന്ധ്യ വിഷാദമായി
ഒരു സാഗരതിൻ മിടിപ്പുമായി